Tuesday, September 14, 2010

AVITTA THALLU

ക്ഷേത്രവും കുളവും
നിരയോട്ടം
വള്ളിപിടുത്തം(കുമ്പളങ്ങയിരുത്തം)
വള്ളിചാട്ടം
കോട്ടമല-കുതിരവട്ടത്തുനായരുടെ കോട്ടനിന്ന സ്ഥലം.ഇന്നിവിടെ കാക്കൂര്‍ അയ്യാപ്പക്ഷേത്രമാണ്.
പൊന്തിക്കോല്‍ പിടിച്ച് പടനായകര്‍
                                     ഓണക്കാലത്ത് രണ്ടുതരം ഓണത്തല്ലുകളാണ്  നടക്കാറ്. ഒന്ന് തികച്ചും അനുഷ്ഠാനപരമായത്; മറ്റേത് തികച്ചും വിനോദം എന്ന നിലക്കും.ചെറുതുരുത്തി കോഴിമാംപറമ്പില്‍ നടക്കുന്ന തല്ല് രണ്ടാമതുവിഭാഗത്തില്‍പ്പെടുന്നു.ഇത് ബോക്സിംഗിന്റേയോ ഗുസ്തിയുടേയോ ഫോക് രൂപമാണ്...റഫറി(ചാതിക്കാരന്‍)യും കളവും കളിനിയമങ്ങളുമൊക്കെയുണ്ട് ഇതിന്.                                                                                                      ഓണക്കാലത്ത് പല്ലശ്ശന(പാലക്കാട് ജില്ലയില്‍ കുഴല്‍മന്ദത്തിനടുത്ത്) യില്‍ നടക്കുന്ന അവിട്ടത്തല്ല് തികച്ചും അനുഷ്ഠാനപരമാണ്.ചരിത്രവും ഐതിഹ്യങ്ങളും ഇഴപിരിഞ്ഞുകിടക്കുന്നുണ്ട് ഇതിനോടൊപ്പം.തല്ലുമന്ദ് എന്നൊരു സ്ഥലം തന്നെയുണ്ട് പല്ലശ്ശനയില്‍.ചിതലിയില്‍ കന്നുതെളിമത്സരം നടക്കുന്ന അന്നു തന്നെയായിരുന്നു തല്ലും.ഫോട്ടോഗ്രാഫറും പബ്ലിക്കേഷന്‍ ഡയറ്ക്ടറുമായ ഹാഷിം ഹാറൂണുമൊത്ത് പല്ലശ്ശനയെത്തി.നല്ലാട്ടില്‍ ബാലകൃഷ്ണന്‍ നായരും ദ്വാരകാകൃഷ്ണനും മഠത്തില്‍ ശിവശങ്കരന്‍ നായരും ശിവപ്രസാദും കുട്ടനും ഞങ്ങള്‍ക്ക് അവിട്ടത്തല്ലിനെപറ്റിയും കണ്യാര്‍കളിയെപ്പറ്റിയും ധാരാളം പറഞ്ഞുതന്നു.                                                                                                     ചരിത്രം:സാമൂതിരി രാജാവിന്റെ ഇടപ്രഭുക്കന്മാരായിരുന്നു പല്ലശ്ശന കുറൂര്‍നമ്പിടിയും കുതിരവട്ടത്തുനായരും.ദേശപ്രഭുവായ നമ്പിടിയെ കുതിരവട്ടത്ത് നായര്‍ ചതിച്ചുകൊന്നു.ഇതേതുടര്‍ന്ന് നാടൊട്ടുക്ക് കുതിരവട്ടത്തുനായര്‍ക്കെതിരെ കലാപവും യുദ്ധങ്ങളും ഉണ്ടായി.രാജാവു നഷ്ടപ്പെട്ട പല്ലശ്ശനക്കാര്‍ക്ക് ,സാമൂതിരി താന്‍ പൂജിച്ചിരുന്ന ബാലുശ്ശേരികോട്ടയിലെ കിരാതമൂര്‍ത്തീ വിഗ്രഹം നല്‍കി. ആദ്യം ഇതു ചെറുവീടെന്ന് തോട്ടംകര വീട്ടിലും പിന്നെ പാലഞ്ച്ചേരിയിലും സൂക്ഷിച്ചതിനു ശേഷം യഥാവിധിയോടെ ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചു.അതാണ് ഇന്നത്തെ കിരാതമൂര്‍ത്തീ ക്ഷേത്രം. മേല്‍ പ്രസ്താവിച്ച യുദ്ധങ്ങളുടെ ഓര്‍മയുണര്‍ത്തിയാണ് ഓണക്കാലത്ത് തിരുവോണത്തല്ലും കുട്ടികളുടെ തല്ലും അവിട്ടത്തല്ലും നടത്തുന്നത്.ചടങ്ങുകള്‍: പത്തുകുടിക്കാരാണ് തിരുവോണദിവസം തല്ലുമന്ദത്ത് തല്ലുനടത്തുക.മന്ദ് ക്ഷേത്രത്തില്‍നിന്നും 300 മീറ്റര്‍ വടക്കുഭാഗത്താണ്.ഈഴവര്‍,പാണന്‍,മണ്ണാന്‍,പണിക്കന്‍(“പൊന്തി”പിടിച്ച് നേതൃത്വം) തുടങ്ങിയവരാണ് പത്തുകുടിക്കാര്‍.കിരാതമൂര്‍ത്തി അമ്പലമുറ്റത്ത് അടുത്ത ദിവസമാണ് നായര്‍സമുദായത്തിന്റെ അവിട്ടത്തല്ലു നടക്കുക.കിഴക്കുമ്മുറി സംഘം തോട്ടംകരനിന്ന് കച്ചകെട്ടി പാലഞ്ചേരിനിന്ന് ഭസ്മം ധരിച്ച് വരുന്നു.ഇതില്‍ കുംഭാരന്മാരും ചേരാറുണ്ട്.പടിഞ്ഞാറ്റുംമുറി സംഘത്തില്‍ ചെട്ടിയാന്മാരും ഉണ്ടാകും.ഇവര്‍ പാലത്തിരുത്തി വീട്ടീന്ന് കച്ചകെട്ടി നാഞ്ചാത്തെ വീട്ടീന്ന് ഭസ്മം ധരിച്ചാണ് എത്തുക.രണ്ടു നായര്‍പടയാളിസംഘത്തിന്റെയും മുമ്പില്‍ പൊന്തിക്കോല്‍ പിടിച്ച് പടനായകന്‍ നടക്കും.പതിയാട്ടില്‍ മൂസ്സത് ആണ്‍ പടിഞ്ഞാറന്‍ സംഘത്തലവന്‍.അതിവിശാലമായ അമ്പലക്കുളത്തിന്റെ പടിഞ്ഞാറേക്കരയില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക.“ധൂയ് ധൂയ്..“ശ്ബ്ദമുണ്ടാക്കി നിരയോട്ടം,തടുത്തുതല്ല്,വള്ളിപിടുത്തം,വള്ളിച്ചാട്ടം,നിറയിരിക്കല്‍,കുളംചാട്ടം,ശയനപ്രദക്ഷിണം,തീര്‍ഥംതളി,പ്രാര്‍ഥന,വീണ്ടും ആര്‍പ്പോടെ കുളംചാട്ടം എന്നീ ചടങ്ങുകള്‍ യുദ്ധത്തിന്റെ ഘട്ടങ്ങളെയും അഭ്യാസങ്ങളെയും ഓര്‍മിപ്പിക്കുന്നു.28 നാളികേരമുടച്ച് ഉച്ചപൂജയോടെ നടയടക്കും.യുദ്ധദിവസമായതിനാല്‍ അന്നു അത്താഴപൂജയില്ല.                                  തിരുവോണത്തിന്റെ അന്നു തന്നെയാണ്   10 വയസിനുതാഴേയുള്ള നായര്‍ബാലന്മാരുടെ ആട്ടിപ്പിരിഞ്ഞതല്ല്.ഇതെപറ്റി ഒരു ഐതിഹ്യമുണ്ട്.മുമ്പ് ക്ഷേത്രത്തില്‍ നരബലി നടന്നിരുന്നു.കുറെക്കാലമായപ്പോള്‍ നാട്ടില്‍ ആണ്‍കുട്ടികള്‍ കുറഞ്ഞു.തന്റെ ഒറ്റ മകന്റെ ഊഴം വന്നപ്പോള്‍ ഒരമ്മ കിരാതമൂര്‍ത്തിയോട് കരഞ്ഞപേക്ഷിച്ചു. ബലി തന്നെ വേണമെന്നില്ലെന്നും തനിക്ക് ചോര മതിയെന്നും അരുള്‍പ്പാടുണ്ടായി.ഇതിന്നായി ബാലകരെ തമ്മില്‍ അടിപ്പിച്ച് ചോര പൊടിച്ചാല്‍ മതിയെന്നും തീരുമാനമായി.

Tuesday, February 23, 2010

MACHAAD MAMAAMKAM മച്ചാട് മാമാങ്കം

                                                    മച്ചാട് തിരുവാണിക്കാവ് വേലക്കാണ് മച്ചാട് മാമാങ്കം എന്ന് പറയുന്നത്. ഈ വര്‍ഷം കുംഭം 7 ന് തുടങ്ങി കുംഭം 12 ന് ഉത്സവം അവസാനിച്ചു.                                                     പടപ്പുറപ്പാട്,കുതിരവരവ്,ഹരിജന്‍ വേല,തിറ-പൂതന്‍ കളി എന്നിവയാണ് പ്രധാന പരിപാടികള്‍.മംഗലം,മണലിത്തറ,കരുമത്ര(പുന്നമ്പറമ്പ്),കല്ലമ്പാറ(വിരിപ്പാക്ക),തെക്കുംകര(കോരങ്ങാട്ടുകര) എന്നിവയാണ് തട്ടകത്തെ അഞ്ച് ദേശങ്ങള്‍.ഇത്തവണ പുന്നമ്പറമ്പിനാണ് ആഘോഷച്ചുമതല.അമ്മയുടെ അപദാനങ്ങള്‍ പാടി വീടുതോറും ചുറ്റുന്ന നായാടികള്‍ ഇപ്പോള്‍ കുറവാണ്.ഇരുപത് വര്‍ഷം മുമ്പുവരെ ഹരിജന്‍ വേലയില്‍  തട്ടിന്മേല്‍ കൂത്ത് ഉണ്ടായിരുന്നു ; അതുപോലെത്തന്നെ കെട്ടുകാഴ്ചകളും.തിറയും പൂതനും ഇത്തവണ കുറഞ്ഞു.പുഞ്ചപ്പാടത്തുകൂടെ ആര്‍പ്പുവിളിച്ചുവരുന്ന കുതിരകളും കാവടിയാട്ടവും വാദ്യഘോഷങ്ങളും വെടിക്കെട്ടും ഹരമായിരുന്നു.    
           

                                                                                                              

Friday, February 19, 2010

naattupazhangal നാട്ടുപഴങ്ങള്‍

 

കഴിഞ്ഞ മാസമാണ് ചെരിപ്പൂരില്‍ ഒരു മാപ്പിളഫോക്ക് ലോര്‍ ക്ലാസെടുക്കാന്‍ പോയത്.തിരിച്ചു പട്ടാമ്പിക്കു ബസ്സുകാത്ത് വെള്ളടിക്കുന്ന് അമ്പലത്തിനുമുമ്പില്‍ നിന്ന് മുഷിഞ്ഞപ്പോള്‍ വെറുതെ റോഡിലൂടെ മുന്നോട്ട് നടന്നു.കയ്യെത്തും ദൂരത്ത് ഇടതുവശത്ത്,റോഡരികില്‍ അതാ ...തുടുതുടാ പഴുത്ത്നില്‍ക്കുന്ന ചെത്തിപ്പഴങ്ങള്‍...!ഞാനത് പറിച്ച് തിന്നുന്നതുകണ്ടാവണം എതിരെ വന്ന രണ്ട് കുട്ടികള്‍ വായ്പൊത്തി ,ചിരിയടക്കി,തിരിഞ്ഞ്തിരിഞ്ഞ്നോക്കി നടന്നുപോയി.തിന്നുമ്പോള്‍ മധുരമുള്ള ഓര്‍മകള്‍ മനംനിറഞ്ഞു.മാരായമംഗലം സ്കൂളില്‍ പഠിക്കുമ്പോള്‍ ഇടക്കിടെ നടത്തിയിരുന്ന മപ്പാട്ടുകരപുഴയിലേക്കും ആനക്കല്ലിലേക്കുമുള്ള സാഹസയാത്രകള്‍.സ്കൂള്‍ഗ്രൌണ്ടും നന്നങ്ങാടികളുംകടന്ന്, കൊങ്ങന്‍പാറയിലൂടെ..ആകാശത്തിന്റെ ഉച്ചിയിലൂടെ.തച്ചങ്ങാടും പുറമത്രയും പട്ടിശ്ശേരിയും എഴുവന്തലയും ഇവിടെ നിന്നാല്‍ കാണാം.മുള്ളിന്‍പഴവും പൊട്ടിക്കയ്യും മുണ്ടാമുണ്ടിക്കായയും നെല്ലിക്കയും മാങ്ങയും ചെത്തിപ്പഴവും കൊണ്ട് പോക്കറ്റുകളെല്ലാം നിറഞ്ഞിട്ടുണ്ടാവും. പോണവഴിയിലൊക്കെ ഇഷ്ടം പോലെ ചോലകള്‍.വീണും മുള്ളുകുത്തിയും കാരമുള്ളുവെറകിയും മുറികളായത് അറിയുക ആനക്കലിലെ വനദുര്‍ഗാക്ഷേത്രത്തിനരികെ പുഴയില്‍ കുളിച്ചുതിമര്‍ക്കുമ്പോഴാണ്.കാടുപിടിച്ച അമ്പലം... മുമ്പ് നല്ലനിലയില്‍ ആയിരുന്നെന്ന് വിളിച്ചുപറയുന്ന ശിലാശില്പങ്ങള്‍..!! ....കുളിര്‍ക്കാറ്റേറ്റ് പാറയില്‍കിടന്നൊരു മയക്കം.ഒരായിരം കിളിപ്പാട്ടുകള്‍.പുഴയുടെ മൂളല്‍...സ്കൂളില്‍ ബെല്ലടിക്കും മുമ്പ് തിരിച്ചെത്താനുള്ള വെപ്രാളം.ഇന്ന്.... അമ്പലം പരിഷ്ക്കരിച്ചു..കാടും ചോലയും കിളികളും മര്‍മരങ്ങളും നാട്ടുപഴങ്ങളും       ...എന്തിന്  കൊങ്ങന്‍പാറതന്നെ  ഇല്ലാതായി..എങ്കിലും..മനസ്സില്‍ ഓര്‍മകള്‍ക്ക് നല്ല മധുരം.