Friday, February 19, 2010

naattupazhangal നാട്ടുപഴങ്ങള്‍

 

കഴിഞ്ഞ മാസമാണ് ചെരിപ്പൂരില്‍ ഒരു മാപ്പിളഫോക്ക് ലോര്‍ ക്ലാസെടുക്കാന്‍ പോയത്.തിരിച്ചു പട്ടാമ്പിക്കു ബസ്സുകാത്ത് വെള്ളടിക്കുന്ന് അമ്പലത്തിനുമുമ്പില്‍ നിന്ന് മുഷിഞ്ഞപ്പോള്‍ വെറുതെ റോഡിലൂടെ മുന്നോട്ട് നടന്നു.കയ്യെത്തും ദൂരത്ത് ഇടതുവശത്ത്,റോഡരികില്‍ അതാ ...തുടുതുടാ പഴുത്ത്നില്‍ക്കുന്ന ചെത്തിപ്പഴങ്ങള്‍...!ഞാനത് പറിച്ച് തിന്നുന്നതുകണ്ടാവണം എതിരെ വന്ന രണ്ട് കുട്ടികള്‍ വായ്പൊത്തി ,ചിരിയടക്കി,തിരിഞ്ഞ്തിരിഞ്ഞ്നോക്കി നടന്നുപോയി.തിന്നുമ്പോള്‍ മധുരമുള്ള ഓര്‍മകള്‍ മനംനിറഞ്ഞു.മാരായമംഗലം സ്കൂളില്‍ പഠിക്കുമ്പോള്‍ ഇടക്കിടെ നടത്തിയിരുന്ന മപ്പാട്ടുകരപുഴയിലേക്കും ആനക്കല്ലിലേക്കുമുള്ള സാഹസയാത്രകള്‍.സ്കൂള്‍ഗ്രൌണ്ടും നന്നങ്ങാടികളുംകടന്ന്, കൊങ്ങന്‍പാറയിലൂടെ..ആകാശത്തിന്റെ ഉച്ചിയിലൂടെ.തച്ചങ്ങാടും പുറമത്രയും പട്ടിശ്ശേരിയും എഴുവന്തലയും ഇവിടെ നിന്നാല്‍ കാണാം.മുള്ളിന്‍പഴവും പൊട്ടിക്കയ്യും മുണ്ടാമുണ്ടിക്കായയും നെല്ലിക്കയും മാങ്ങയും ചെത്തിപ്പഴവും കൊണ്ട് പോക്കറ്റുകളെല്ലാം നിറഞ്ഞിട്ടുണ്ടാവും. പോണവഴിയിലൊക്കെ ഇഷ്ടം പോലെ ചോലകള്‍.വീണും മുള്ളുകുത്തിയും കാരമുള്ളുവെറകിയും മുറികളായത് അറിയുക ആനക്കലിലെ വനദുര്‍ഗാക്ഷേത്രത്തിനരികെ പുഴയില്‍ കുളിച്ചുതിമര്‍ക്കുമ്പോഴാണ്.കാടുപിടിച്ച അമ്പലം... മുമ്പ് നല്ലനിലയില്‍ ആയിരുന്നെന്ന് വിളിച്ചുപറയുന്ന ശിലാശില്പങ്ങള്‍..!! ....കുളിര്‍ക്കാറ്റേറ്റ് പാറയില്‍കിടന്നൊരു മയക്കം.ഒരായിരം കിളിപ്പാട്ടുകള്‍.പുഴയുടെ മൂളല്‍...സ്കൂളില്‍ ബെല്ലടിക്കും മുമ്പ് തിരിച്ചെത്താനുള്ള വെപ്രാളം.ഇന്ന്.... അമ്പലം പരിഷ്ക്കരിച്ചു..കാടും ചോലയും കിളികളും മര്‍മരങ്ങളും നാട്ടുപഴങ്ങളും       ...എന്തിന്  കൊങ്ങന്‍പാറതന്നെ  ഇല്ലാതായി..എങ്കിലും..മനസ്സില്‍ ഓര്‍മകള്‍ക്ക് നല്ല മധുരം.

No comments:

Post a Comment